പട്ന: ഡൽഹി പോലീസിലെ ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയയിൽ വ്യാജ മരുന്നു നിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുന്പ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു.
ഇവിടെനിന്ന് അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. യാതൊരു ലൈസൻസുമില്ലാതെയാണ് ഗയയിൽ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പോലീസ് അറസ്റ്റു ചെയ്തു.
പരിശോധനയിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോ പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി. മരുന്നു നിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉത്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു.
വേദനസംഹാരികൾ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വിൽപന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾ നിയമവിരുദ്ധമായാണ് വാങ്ങിയിരുന്നത്.